Wednesday, September 9, 2015

കണ്ടറിയുന്നവൻ

ചില അടയാളങ്ങൾ മായാതെ മണ്ണിലും, മനസ്സിലും, ചിരിച്ചും, കരഞ്ഞും, സുഖമുള്ള വേദനയായും അങ്ങനെ തുരുമ്പിച്ചു കിടക്കും. അത്തരത്തിലുള്ള ഒരുപിടി തുരുമ്പിച്ച ഒർമ്മകളാനെനിക്കിവിടം. ഒരിക്കൽ സമ്പന്നമായിരുന്ന കൃഷിയിടങ്ങളിലെല്ലാം ഇന്ന് ശ്മശാനമൂഘത മാത്രം.

എനിക്കിന്നിവിടെ കാണാനോ, എന്‍റേതെന്നു പറയാനോ ആരുമില്ല. എങ്കിലും ഏതോ പോക്കുവെയിലിന്‍റെ സുഗന്ധവും കുളിർമയും എന്നെ ആ കുന്നി൯ചെരുവിലേക്ക്‌ മാടിവിളിക്കുകയാണ്. എക്കാലത്തും എന്‍റെ മനസ്സാകുന്നിൻചെരുവിൽ മേഞ്ഞുനടന്നിട്ടുണ്ട്.

ദൂരെകാണുന്ന ആ മാവിന്ച്ചുവട്ടിൽ ഒരു കണ്ണിമാങ്ങ പൊഴിഞ്ഞുകിടപ്പുണ്ടാവണം. രേണുചേച്ചിയുടെ എഴുതിതീര്ന്ന റൈനോല്ല്ട് പേനയുടെ ശിഷ്ടഭാഗമോ, പാർവ്വതിയുടെ ഒരു വളപ്പൊട്ടോ അവിടം മണ്ണുമൂടി കിടപ്പുണ്ടാവണം.

വയൽവരംമ്പിനെ  കൂട്ടുപിടിച്ച് ഞാൻ മുന്നോട്ടു നടന്നു. വഴിയരുകിൽ ആരോ പശുവിനു പുല്ലരിയുന്നുണ്ട്. എന്നെകണ്ടിട്ടാവണം അയാൾ അവിടെനിന്നും എഴുന്നേറ്റു. കയ്യിൽ അരിവാളുമായി നിൽക്കുന്ന ആ മനുഷ്യൻ എന്നെനോക്കി പുഞ്ചിരിച്ചു.

"നാരായണേട്ടൻ"

എൻറെ ചുണ്ടുകൾ പതിഞ്ഞ ശബ്ദത്തിൽ മന്ത്രിച്ചു. ഞാൻ ഓടിച്ചെന്നു കൈപിടിച്ചു. വല്ലാതെ പ്രായം ഭാധിച്ചിരിക്കുന്നു.

“തൊടണ്ട മോനെ. ആകെ വിയർപ്പാ”
ഞാൻ അത്കാര്യമാക്കിയില്ല.

കുട്ടന്മാമയുടെ വിശ്വസ്ഥനായിരുന്നു ഒരുകാലത്ത് ഈ നാരായണേട്ടൻ. എന്നുവെച്ചാൽ അമ്മാമയുടെ കാര്യസ്ഥൻ.

“അവനാവുമ്പോൾ എന്തും കണ്ടറിഞ്ഞു ചെയ്തുകൊള്ളും”
എന്ന് അമ്മാമ ഇടയ്ക്കിടെ പറയാറുള്ളത് ഞാൻ ഓർക്കുന്നു.

അതെ, നാരായണേട്ടൻ കണ്ടറിഞ്ഞു  ചെയ്ത ഒരു പ്രവൃത്തി ഞാൻ ഓർക്കുന്നു. എനിക്ക് അന്ന് പ്രായം ഏതാണ്ട് അഞ്ചോ, ആറോ വയസ്സ് കാണും. ഒരു വേനലവധിക്കാലത്ത് കുട്ടന്മാമ ബാംഗ്ലൂരിൽ നിന്നും വരുന്നത് കാത്തിരിക്കാണ് എല്ലാരും.

അമ്മാമ വരുന്നതിൻറെ കോലാഹലങ്ങൾ താഴെവീട്ടില്നിന്നും ഉച്ചത്തിൽ കേൾക്കുന്നുണ്ട്. മുറ്റമടിക്കാനുള്ള ചൂലിനുവേണ്ടി അടികൂടുകയാണ് വല്ല്യെച്ചിയും പാർവ്വതിയും. അമ്മാമയെ സോപ്പിട്ടു ഉള്ളതെല്ലാം കൈക്കലാക്കാനുള്ള വിളച്ചിലാണ് രണ്ടിനും.

"അല്ലേലും ആ ചെറുതിന് കുറച്ചു അഹമ്മതി കൂടുതലാണ്"
മുത്തശ്ശി അമ്മയോട് പറയുന്നത് കേട്ടു.

"അതുതന്നെ" എന്നുള്ള എൻറെ അനുകൂല നിലപാടിനെ ഒരു നോട്ടംകൊണ്ടു അമ്മ തടഞ്ഞു നിർത്തി.
"വലിയവർ സംസാരിക്കുന്നതിനിടക്ക് കുട്ടികൾ സംസാരിക്കാൻ പാടില്ല" എന്ന് താകീതും തന്നു.

അമ്മായിയുടെ മൂത്തമകളാണ് രേണുചേച്ചി. ഞാൻ വല്ല്യേച്ചി എന്നാണു വിളിക്കാറ്. പാ൪വ്വതിയെ പാറൂന്നും. അവളെക്കാൾ രണ്ടുവയസ്സിനു ഇളയാതായോണ്ട് ഞാൻ അങ്ങനെ വിളിക്കുന്നത്‌ അവൾക്ക് അത്ര പിടിക്കില്ല. അതിൻറെ അമർഷം ചന്ദ്രക്കല കണക്കെ എൻറെ ശരീരത്തിൽ പ്രത്യക്ഷമായും പരോക്ഷമായും അവൾ അടയാളപെടുതിയിട്ടുണ്ട്.
അമ്മയുടെ കണ്ണുവെട്ടിച്ചു ഞാൻ അവിടേക്ക് ഓടിച്ചെന്നു. അടുക്കളയോട് ചേർന്നുനിക്കുന്ന അവിടത്തെ കിണറ്റിൽ ഞാൻ നാലഞ്ചു പരൽമീനുകളെ ഇട്ടിടുണ്ട്. ആരുടേയും കണ്ണിൽപെടാതെ വേണം എനിക്കവറ്റകളുടെ കണക്കെടുക്കാൻ.

കഴിഞ്ഞതവണ അമ്മാമ വന്നപ്പോൾ തറവാട്ടുകുളത്തിൽ കുളിക്കാൻ എന്നെയും കൊണ്ടുപോയിരുന്നു. അവിടെനിന്നും ഞാനും പാറുവും തോർത്തുമുണ്ട് വിരിച്ചു ഒരുപാട് പരൽമീനുകളെ പിടിച്ചിരുന്നു. അതിൽ നെറ്റിയിൽ പുള്ളിയുള്ള ഒരെണ്ണം ഉള്ളതായ്ട്ടു ഞാൻ ഓർക്കുന്നു. എന്നെകാൾ ഉയരമുള്ള ചുറ്റുമതിൽ ആയോണ്ട് എനിക്കവയെ വ്യക്തമായി കാണാൻ സാധിക്കില്ല. എങ്കിലും കാലിലെ തള്ളവിരലിൽ ഊന്നിനിന്നുകൊണ്ട് ഞാൻ ഒരു ശ്രമം നടത്തി.

തെളിഞ്ഞ ആകാശം കിണറ്റിൽ ഒരു പത്തുപൈസ നാണയം കണക്കെ പ്രതിഫലിച്ചു. അതിൽ ഒരു പൊട്ടുപോലെ മുറിഞ്ഞിരിക്കുന്നത് എൻറെ തലയാണെന്നും മനസിലായി. ഉടനെ ആരോവന്നു എൻറെ ഇടതുചെവിയിൽ പിടിച്ചു. ഉടനെ തിരിഞ്ഞൊന്നു നോക്കിയെങ്കിലും പോരിവെയിലത്തുനിൽക്കുന്ന ആ മുഖമൊന്നു തെളിയാൻ അല്പം സമയമെടുത്തു. വല്ല്യെച്ചിയുടെ പുഞ്ചിരിക്കുന്ന മുഖമായിരുന്നു അത്.

അന്നവിടെ പ്രായമുള്ള ഒരു കല്യാണിയമ്മ താമസിച്ചിരുന്നു. അവർക്കാവീടിനോടുള്ള  ബന്ധം ഇന്നും എനിക്കറിഞ്ഞുകൂടാ. പ്രായക്കൂടുതലുള്ള കല്യാണിയമ്മ നടക്കുമ്പോൾ റ പോലെ വളഞ്ഞിരിക്കും. കല്യാണിയമ്മയുടെ കയ്യിൽ മനോഹരമായ ഒരു വെറ്റിലപാത്രം ഉണ്ടായിരുന്നു.  പിച്ചളയിൽ തീർത്ത നാലറകളുളള ഒരെണ്ണം. അതിൻറെ അടിത്തട്ടിൽ കടലാസുവിരിച്ചു അതിനുമുകളിൽ വെറ്റിലയും പുകയിലയും അടുക്കിവെയ്ക്കും. ആരെങ്കിലും കൊടുക്കുന്ന ഒരുരൂപയുടെയും രണ്ടുരൂപയുടെയും നോട്ടുകൾ അതിനടിയിൽ മടക്കിവെയ്ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

ഇടയ്ക്കിടയ്ക്ക് ഞാൻ ചെന്ന് ആ വെറ്റിലപാത്രത്തിൽ തൊട്ടുനോക്കുന്നത് കല്യാണിയമ്മക്ക് അത്ര രസിക്കാറില്ല. എങ്കിലും പാറുവിനോട് കാണിക്കുന്നപോലെ പ്രത്യക്ഷമായി  എന്നോട് ദേഷ്യപെടാറുമില്ല. അതിനു കാരണം മറ്റൊന്നുമല്ല, പല ആഭ്യന്തര വാർത്തകളും കല്യാണിയമ്മയുടെ ചെവിയിൽ എത്തിച്ചിരുന്നത് ഞാനായിരുന്നു.   

മതിലിനു മുകളിലൂടെ ആരുടെയോ തല നീങ്ങിവരുന്നത് ഞാൻ മുറ്റത്തുനിന്നും കാണുന്നു. വീട്ടുപടിക്കൽ എത്തിയാലേ ആളെ അറിയാൻ തരമുള്ളു. അമ്പലത്തിൽനിന്നും നമ്പീശന്റെ വരവായിരുന്നു അത്.

പടിക്കൽ എത്തിയ നമ്പീശൻ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു.
"കുട്ടൻ വന്നുവോ ?"

ഭൂതകാലത്ത് ചെവികേട്ടിരുന്ന കല്യാണിയമ്മയോടാണ് ആ ചോദ്യം. തീര്ച്ചയായും അവിടെ എൻറെ സഹായം വേണ്ടിവരും എന്ന് ഉറപ്പു വരുത്തി ഞാൻ അങ്ങോട്ട്‌ ഓടി.

വീണ്ടും നമ്പീശൻ അലറിവിളിച്ചു ചോദിച്ചു. കല്യാണിയമ്മ ഒന്ന് പുഞ്ചിരിച്ചു. അമ്മയുടെ താക്കീത് ഒർമ്മവന്നതുകൊണ്ട് ഞാൻ ഒരുതവണ കൂടെ ക്ഷമിച്ചു.

നമ്പീശൻ തോളത്തിരുന്ന തോർത്തുമുണ്ട് കയ്യിലെടുത്തു ഒന്ന് വീശി. പ്രതികരണ ശേഷിയുള്ള ഒരു മനുഷ്യജീവനുവേണ്ടി ആ കണ്ണുകൾ പരതുന്നത് ഞാൻ കണ്ടു.
ഒടുവിൽ ഉത്തരം എന്തുതന്നെയാണേലും ഇനി പോകാം എന്നമട്ടിൽ എൻറെ നേർക്കുനോക്കി നമ്പീശൻ.
"അപ്പൊ വന്നിട്ടുണ്ടാവില്ല അല്ലെ?"

ഇല്ല എന്ന് ഞാൻ അഭിമാനപൂർവ്വം മറുപടിനൽകി. നമ്പീശന്റെ തല വീണ്ടും അടുത്ത മതിലിനു മുകളിലൂടെ ഒഴുകിനീങ്ങി.

ഉച്ചയോടുകൂടി അമ്മാമ എത്തി. തോട്ടുവരമ്പിലൂടെ അമ്മാമ വരുന്നത് ഞാൻ മുറ്റത്തുനിന്നും കണ്ടു. അതികാരം ഒന്നുംകൂടെ ഉറപ്പിക്കാൻ എന്നമട്ടിൽ പാറു എന്റെ മുന്നിൽ വന്നുനിൽപുണ്ട്. റയിൽവെസ്റ്റേഷനില്നിന്നും അകമ്പടിയായി നാരായനേട്ടൻ കൂടെയുണ്ട്. സാമാന്യം വലിയൊരുപെട്ടിയാണ് നാരായനേട്ടൻ ചുമക്കുന്നത്. പടിക്കലെത്തിയ അമ്മാമ ഞങ്ങൾ കുട്ടികളെ നോകി ചിരിച്ചു. പാറു ഓടിച്ചെന്നു കൈപിടിച്ചു. അവളുടെ പത്രാസ് എനിക്കൊട്ടും പിടിച്ചില്ല. മുറ്റത്തുനി ൽക്കുന്ന എന്നെ അമ്മാമ എടുത്തുയര്ത്തിയതു കണ്ടു അവളുടെ പത്രാസ് പപ്പടം പോലെ പൊടിഞ്ഞു.

അമ്മാമയുടെ ഈ വരവിൽ വേറെയും ചിലവാർത്തകൾ പുറത്തുവന്നു. അമ്മായിയെയും മക്കളെയും ബാംഗ്ലൂരിലേക്ക് കൊണ്ടുപോവാൻകൂടെയാണ് അമ്മാമ വന്നത്. കല്യാണിയമ്മയെ ഏതോ ഒരു ബന്ധുവിന്റെ വീട്ടിലാക്കുമെന്നും പറഞ്ഞുകേട്ടു.

വരാനിരിക്കുന്ന ഒറ്റപ്പെടലിനെകുറിച്ചോർത്ത് രണ്ടുദിവസമായി കല്യാണിയമ്മയുടെ മുഖത്ത് ഒരു വിഷാദം നിഴലിച്ചുകണ്ടു. കല്യാണിയമ്മയെ ഓർത്ത്‌ എനിക്കും സങ്കടം തോന്നി. ഞാൻ അടുത്തുചെന്നു ആ ചുളിവുവീണ കൈകളിൽ തൊട്ടുനോക്കി.

" എല്ലാവരും പോവാണ് കുട്ടീ "
എന്റെ കൈപിടിച്ചു അൽപ്പം സങ്കടത്തോടെ  കല്യാണിയമ്മ പറഞ്ഞു.

"അപ്പൊ കല്യാണിയമ്മ പോണില്ലേ ?"
എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്ത മട്ടിൽ ഞാൻ ചോദിച്ചു.

"ഉം ഞാനും പോകും ... എനിക്കും പോവാൻ സമയമായി"
ആ പറഞ്ഞത് എനിക്ക് മനസിലായില്ല. എന്തായാലും ഒരുകാര്യം ഉറപ്പായി. കല്യാണിയമ്മ എങ്ങോട്ടോ പോവാൻ ഒരുങ്ങുകയാണ്.
"കല്യാണിയമ്മ പോകുമ്പോൾ ഈ വെറ്റിലപാത്രം എനിക്ക് തരാമോ?"
എന്റെ പ്രായത്തിന്റെ മണ്ടൻചോദ്യംകേട്ട് കല്യാണിയമ്മ പൊട്ടിചിരിച്ചു.

"അതിനെന്താ.. മോൻ എടുത്തോ"

എനിക്ക് വല്ല്യ സന്തോഷം തോന്നി. വലിയൊരു സ്വൊത്ത് ഇഷ്ടദാനം കിട്ടിയതിന്റെ അഹങ്കാരത്തിൽ ഞാൻ ട്രൌസറിന്റെ കീശയിൽ കയ്യിട്ട് ഒന്ന് എണീറ്റുനിന്നു.

അന്ന് അമ്മാമയും കുടുംബവും എങ്ങോട്ടോ വിരുന്നുപോവാൻ ഒരുങ്ങുകയാണ്. കല്യാണിയമ്മയ്ക്കുള്ള ഭക്ഷണം അമ്മയെ പറഞ്ഞ്എല്പിച്ചാണ് അവര് ഇറങ്ങിയത്‌.

ഉച്ചയോടെ ഒരു തൂക്കുപാത്രത്തിൽ കഞ്ഞിയും പ്ലാവില കുമ്പിളും അമ്മ എന്റെകയ്യിൽ തന്നയച്ചു.

"മോന് വേണ്ടെ ?"

വേണ്ട എന്നും പറഞ്ഞു ഞാൻ തിരികെ പോണു.

അതൊരു ഞായറാഴ്ച ദിവസമാണ്. നാലുമണിയോടെ ടി വി യിൽ സിനിമ തുടങ്ങും. അതുകഴിഞ്ഞാൽ കുട്ടികൾക്കുള്ള കാർട്ടൂണ്‍ പരമ്പര തുടങ്ങും. അതിനുള്ള എന്റെ കാത്തിരിപ്പ്‌ അവസാനിപ്പിച്ചു സന്ദ്യയോടെ കറന്റും പോയി.

തുളസിത്തറയിൽ മുത്തശ്ശി വിളക്കുവെയ്ക്കുന്നതും നോക്കി ഞാൻ മുറ്റത്തു നില്ക്കുന്നു. ഉടനെ സിനിമ കണ്ടു ഇടവഴിയിലൂടെ പോകുന്ന ആരോ നിലവിളിച്ചു ഓടിവരുന്നത്‌ കണ്ടു.

 “കുട്ടേട്ടന്റെ കിണറ്റിൽ ആരോ ഒരാൾ ചാടിയിട്ടുണ്ട്”

കേട്ടപാതി കേൾക്കാത്ത പാതി അമ്മ എന്നെയും കൂട്ടി അവിടേക്ക് ഓടി. ഒരാണൊരുത്തൻ ആണ് ചാടിയത് എന്നാണു കണ്ടയാൾ പറഞ്ഞത്.

"ആരായിരിക്കും അത് ?"

അവിടെ ഒത്തുകൂടിയ പലരും പരസ്പ്പരം ചോദിച്ചു. ആളുകളുടെ എണ്ണം കൂടിവന്നു. കൂട്ടത്തിലുള്ള മമ്മത്ഹാജി മകൻ ഗൾഫിൽനിന്നും കൊണ്ടുവന്ന പുത്തൻ ടോർച്ചു പ്രദർശിപ്പിക്കാനുള്ള അവസരം ഭങ്ങിയായി വിനിയോഗിച്ചു. ചാടിയത് ആണൊരുത്തൻ തന്നെയാണെന്ന് ഉറപ്പുവരുത്തി.  ഒട്ടും സമയം കളയാതെ കൂട്ടത്തിൽ ശക്തനായ ഒരാൾ കയറുകെട്ടി കിണറ്റിൽ ഇറങ്ങി.

ആരാണ് ആ കഥാനായകൻ എന്ന് അറിയാനുള്ള ആകാംക്ഷയോടെ ആളുകൾ കിണറിനു ചുറ്റും തടിച്ചുകൂടി നിൽക്കുന്നു. ഒരു പരിഗണനയും ലഭിക്കാതെ ഞാൻ മുറ്റത്തു അന്തംവിട്ടു നിൽക്കുന്നു.
അതികം താമസിക്കാതെ ആ കാത്തിരിപ്പിന് വിരാമമിട്ടോണ്ട് ഒരാളെ കിണറ്റിൽനിന്നും പുറത്തെടുത്തു. പലരും ഇടവിട്ട്‌ പറയുന്നത് കേട്ടു.

"നാരായണൻ, നമ്മുടെ നാരായണൻ..."

വെള്ളം കുടിച്ചിട്ടും അവശനായ നാരായണേട്ടനെ ആശുപത്രിയിലേക്കെടുത്തു ഒടുന്നതിനിടക്കു കിണറ്റിലിറങ്ങിയ ആൾ വിളിച്ചു പറയുന്നതു കേട്ടു.

"അയ്യോ! ഒരാളുംകൂടെ ഉണ്ട്"

പലരുടെയും നെഞ്ചിൽ കലാശകൊട്ട് തുടങ്ങി.

"ആരായിരിക്കും അടുത്തയാൾ ?"

ഒട്ടും താമസിക്കാതെ ആ കഥാപാത്രവും പുറത്തുവന്നു. നമ്മുടെ സ്വൊന്തം കല്യാണിയമ്മ.

ഞാൻ ഉടനെ ഉമ്മറത്തേക്ക് നോക്കി. ഭാഗ്യം വെറ്റിലപാത്രം സുരക്ഷിതമായി അവിടെത്തന്നെ ഉണ്ട്.

ജീവനൊടുക്കാൻ കിണറ്റിൽ ചാടിയ കല്യാണിയമ്മയ്ക്ക് കാര്യമായ പരിക്കുകളൊന്നും സംമ്പവിച്ചില്ല. എന്നുമാത്രമല്ല രക്ഷകനാവാൻ കൂടെ ചാടിയ നാരായണേട്ടനെ കാണാൻ ആശുപത്രിയിൽ കല്യാണിയമ്മ പോവുകയും ചെയ്തു. ഭാവിയിലെ സ്വൊത്തിന്റെ അവകാശിയെന്ന നിലയ്ക്ക് കൂടെ ഞാനും പോയിരുന്നു.

വർഷങ്ങൾ എത്രയോ കൊഴിഞ്ഞുപോയിരിക്കുന്നു. ഏതോ കായ്ക്കാത്ത മാവിനെ സാക്ഷിനിർത്തി കല്യാണിയമ്മയും പോയിമറഞ്ഞു. കുട്ടന്മാമ ദൂരെയേതോ പട്ടണത്തിൽ വിശ്രമജീവിതം നയിക്കുന്നു. രേണുചേച്ചിയും പാർവതിയും കല്ല്യാണം കഴിഞ്ഞു  വിദേശങ്ങളിൽ എവിടെയോ കഴിയുന്നു.  

പ്രതീക്ഷയില്ലാത്ത കാത്തിരിപ്പിനൊടുവിൽ ഈ പഴയ വീടിന്റെ മേൽകൂര നിലംപൊത്താറായിരിക്കുന്നു. എല്ലാം കണ്ടറിയുന്ന നാരായണേട്ടനോട് ഞാൻ യാത്രപറഞ്ഞു.

സൂര്യന്റെ ചുടുചുംബനമേറ്റു സിന്ദൂരം പരന്നിരിക്കുന്ന ചക്രവാളത്തിൽ, ഓർമ്മകളെ  പൂർണതയിലെത്തിക്കാൻ ദൂരെ എവിടെനിന്നോ  ഒരു തിത്തിരിപക്ഷി കരഞ്ഞുകൊണ്ടിരുന്നു.

ഒരു പടിഞ്ഞാറൻ കാറ്റിന്റെ തലോടലേറ്റു ഞാനും ആ സന്ധ്യയോടു വിടവാങ്ങി.