Saturday, December 6, 2014

ഞമ്മള് തോൽകൂല... എന്നും യാത്രകൾ നിറഞ്ഞതായിരുന്നു എന്റെ സ്കൂൾ ജീവിതം.ഒരു നാടോടിയെ പോലെ ഞാൻ അലഞ്ഞു നടന്നു. കുടുംബത്തിന്റെ ഓരോ കാലത്തെയും സാമ്പത്തികവും സാമൂഹികവുമായ ഉയർച്ചയുടെയും താഴച്ചയുടെയും പ്രത്യക്ഷത്തിൽ ഉള്ള രൂപരേഖ ഞാൻ തന്നെയായിരുന്നു.

 അങ്ങനെയിരിക്കെയാണ് പെട്ടന്ന് നാട്ടിലേക്ക് ഒരു പറിച്ചു നടൽ. തീർത്തും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അതെനിക്ക്.

 ഞാൻ പഠിക്കുന്ന കാലത്ത് ഓല മേഞ്ഞ മേൽകൂരയും ചെങ്കല്ലിൽ പടുത്തുയർത്തിയ മതിലുകളും തൂണുകളും ആയിരുന്നു ഇ സ്കൂളിന്റെ ഭൗതികശരീരം.

 എത്രയോ വർഷങ്ങൾക്കുശേഷമാണ് ഞാൻ വീണ്ടും ഇവിടെ വന്നിരിക്കുന്നത്. നമുക്ക് പ്രിയപ്പെട്ട എല്ലാത്തിനും ജീവനുണ്ട് എന്നൊരു തോന്നൽ എന്നെ ഒന്ന് പിടിച്ചു നിർത്തി. അന്നിതിനു ഇതുപോലുള്ള ചുറ്റുമതിൽ ഇല്ലായിരുന്നു. ഇന്നിവിടം ആകെ മാറിയിരിക്കുന്നു. പരിസരത്തെല്ലാം വലിയ വലിയ കെട്ടിടങ്ങൾ മുളച്ചിരിക്കുന്നു.

 കഴിഞ്ഞുപോയതും കൊഴിഞ്ഞുവീണതുമായ ഓർമകളെ അയവിറക്കി ഞാൻ പണിനടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിന്റെ തണലിലേക്ക്‌ സ്വൽപം മാറിനിന്നു. ഗൾഫുനാടുകളിൽ പോയി ജീവിതകാലം മുഴുവനും അധ്വാനിച്ചു കിട്ടുന്ന കാശിനു പലരും നാട്ടിൽ കെട്ടിടങ്ങൾ പണിതുയർത്തുന്നു.

 അല്പനേരത്തിനകം എന്റെ നേർക് ഒരു മനുഷ്യരൂപം നടന്നു വരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. പരിചിതമല്ലാത്ത രൂപം. പക്ഷെ അയാൾ എന്നെനോക്കി ചിരിച്ചോണ്ടാണ് വരുന്നത്. ഒരു മുഷിഞ്ഞ തോർത്തുമുണ്ട് പുതച്ചിട്ടുണ്ട്. എന്റെ അടുത്തെത്തിയ അയാൾ ഇങ്ങനെ ഒരു ശബ്ദം പുറപ്പെടുവിച്ചു.

"ഇജ്ജെവിട്ന്നാടോ"

 ഒരുപക്ഷെ ഈ രൂപത്തെ മനസ്സിൽനിന്നും വീണ്ടെടുക്കാൻ ഇയാളുടെ ഈ ശബ്ദത്തിനു സാദിചേക്കും. ഞാൻ ഒന്നുടെ പരതിനോക്കി.  അതെ, അതുതന്നെ! വർഷങ്ങൾക് മുന്നേ ഇതേ സ്കൂൾ മുറ്റത്തുവച്ചു ഞാൻ ഈ ശബ്ദം കേട്ടിരിക്കുന്നു. അന്നെന്നെ നാലാം തരത്തിൽ കൊണ്ടുവന്നു ചേർത്തതായിരുന്നു. എല്ലാവരും എനിക്കന്നു അപരിചിതർ. സ്കൂളിലെ ആദ്യദിവസം ഒരു മൊട്ടചെക്കൻ മുണ്ടുടുത്ത് തലയിൽ തൊപ്പിയും വച്ച് എന്റെ അടുത്തുവന്നു ചോദിച്ചു.

"ഇജ്ജെവിടെന്നാവനെ ?"

 അച്ചടി മലയാളം പോലും മനസിലാക്കാൻ ബുദ്ധിമുട്ടുന്ന ഞാൻ ഇതുകേട്ട് അന്തംവിട്ടു നിന്നു. അവൻ കൂടെയുള്ള തട്ടമിട്ട കുട്ടിയോട് ഇങ്ങനെ ചോദിച്ചു..

" ഇവന്ക്ക് ചെവിം കേകൂലെ ?"

എവിടെനിന്നോ മറ്റൊരുകുട്ടി ഓടിവന്നു കാര്യങ്ങൾ എളുപ്പത്തിലാക്കി.

"ഓൻ ഹിന്ദിനാട്ടീന്നു വന്നതാ പോക്കറെ.
ഇവൻണ്ടല്ലോ... ഇങ്ങട്ട് നോക്കിവനെ"

 പോക്കറിന്റെ വെള്ള ഷർട്ടിൽ അവൾ നല്ല പഴുത്ത മാങ്ങ തിന്നുന്ന കയ്യോടെ ഒന്ന് പിടിച്ചു. എന്നിട്ട് ഇങ്ങനെ തുടർന്നു..

"ഇവൻ  നല്ലോണം ഹിന്ദി പറയോലെ. ഓപീസുമുറീലു ചോക്കെടുക്കാനും മേണ്ടി പോയപ്പോ ട്ടീച്ചർമാരു പാറിന്നത് ഞമ്മള് കേട്ട്."

 ഷർട്ടിൽ അവളുടെ കയ്യൊപ്പ് പതിഞ്ഞിടം നോക്കി പോക്കർ ഒന്ന് നീരസപെട്ടു. 

"ഇജ്ജു് ക്ലാസ്സ് ലീഡർആണെങ്കില് അതിന്റെ പവറ് ക്ലാസ്സിൽ കാണിച്ചാൽ പോരെ സൈനബ"

 സൈനബ അൽപം ചമ്മലോടെ അവിടെന്നു ഓടിപോയി. പോക്കറ്‌ സ്നേഹത്തോടെ എന്റെ ചോളിൽ കൈവെച്ചു.

"ഇനി ഞമ്മള് ചങ്ങായിമാരാട്ടോ. അണക്ക് എന്ത് മാണേലും ഞമ്മളോട് പറഞ്ഞാ മതി."

 എന്റെ ക്ലാസ്സിൽ തന്നെയായിരുന്നു പോക്കറും. ഞാൻ ഇരിക്കുന്നതിനു തൊട്ടു പിറകിലായി പോക്കറും സ്ഥാനം പിടിക്കും. ആ ഇരിപ്പിടത്തിനു വേണ്ടി പലരുമായി പോക്കർ ഇടിവെക്കും. അങ്ങനെ ഹിന്ദിനാട്ടിൽ നിന്നും വന്ന ഒരു അപൂർവ്വ ജീവിയായിരുന്നു അവർക്ക് ഞാൻ.

 സൗഹൃദത്തിനു ഉപരിയായി എന്റെ സ്പോണ്‍സർ കൂടിയായി പോക്കർ സ്വൊയം അവതരിച്ചു. പോക്കർ എന്നെ എല്ലാവര്കും പരിജയപെടുത്തും. പോകുന്നിടത്തെല്ലാം എന്നെയും കൊണ്ടുപോകും. സ്കൂൾ പിയൂണ്‍ ആയിരുന്ന അശോകേട്ടൻ മുതൽ പ്രധാന അധ്യാപകൻ വരെ പോക്കറിന് കൂട്ടുകാരായിരുന്നു.

 പോക്കറിന് എന്നോടുള്ള സ്നേഹത്തിനു ഒട്ടും കുറവുവന്നില്ല. എന്നും അൻപതു പൈസയും കൊണ്ടാണ് പോക്കർ സ്കൂളിൽ വരാറ്. അത് കൊണ്ടുപോയി തൊട്ടടുത്ത ബാസ്കരെട്ടന്റെ കടയിൽ നിന്നും രണ്ടു പായക്കറ്റ് പുളിയച്ചാറോ, ഐസ് മിഠായിയോ വാങ്ങിക്കും. ഒരെണ്ണം എനിക്കും തരും. അതുകൂടാതെ പോക്കറിന്റെ കുപ്പായ കീശ എപ്പോഴും വീര്ത്തിരിക്കുന്നത് കാണാം. വല്ല കണ്ണിമാങ്ങയോ നിലക്കടലയോ എന്തെങ്കിലും കാണും അതിൽ. പോക്കർ കഴിക്കുന്നതെല്ലാം ഞാനും കഴിച്ചിരിക്കണം എന്ന് പോക്കറിന് നിർബദ്ധമാണ്. ഈ  നിർബദ്ധ ബുദ്ധി പലപ്പോഴും എന്റെ ശരീരത്തിൽ പ്രകടമായ മാറ്റങ്ങൾ വരുത്താറുണ്ട്.

 ഒരിക്കൽ പോക്കർ എനിക്ക് കുറച്ചു കണ്ണിമാങ്ങ തന്നു. ക്ലാസ് കഴിഞ്ഞു കഴിക്കാം എന്ന് കരുതി ഞാൻ അത് പോക്കെറ്റിൽ നിക്ഷേപിച്ചു. ക്ലാസ് നടന്നോണ്ടിരിക്കെ പിറകിൽനിന്നും എന്റെ വലതു ചെവിക്കരികിൽ വന്നു പോക്കർ സ്വൊകാര്യമായി ചോദിച്ചു.

"ഇജ്ജു് മാങ്ങ തിന്നോ? "

 ടീച്ചർ കാണും എന്ന് ഭയന്നു ഞാൻ ഇല്ല എന്ന് പതുക്കെ തലയാട്ടി. ഉടൻതന്നെ പോക്കർ എന്റെ മുതുകത്തു ഒന്ന് താങ്ങി. എന്നിട്ട് പിറുപിറുത്തു.

"വച്ചോണ്ടിരിക്കാതെ വേഗം അങ്ങട്ട് തിന്നൂട്"

 അവൻ ഇനിയും മുതുകത്തു താളം പിടികെണ്ടെന്നു കരുതി ഞാൻ ഒരെണ്ണം എടുത്തു വായിൽ ഇട്ടു. അങ്ങനെ അബൂബക്കർ എന്ന സ്നേഹമുള്ള ഈ ഭീകരൻ എന്റെ വളരെ അടുത്ത കൂട്ടുകാരനായി.

പോക്കർ ഇടയ്ക്കു ചിരിച്ചോണ്ട് പറയാറുണ്ട്‌..

"ചത്താലും ഞമ്മള് പരൂക്ഷക്ക് തൊൽകൂല"

 കാരണം സ്കൂൾ പരീക്ഷകൾകൊന്നും പോക്കർ വരാറില്ല. അതുകൊണ്ട് തന്നെ മുന്നോട്ടുള്ള എന്റെ ക്ലാസ്സുകളിൽ പോക്കർ കൂടെ ഇല്ലായിരുന്നു. എങ്കിലും ഒഴിവുനേരങ്ങളിൽ പോക്കർ എന്നെയും തിരഞ്ഞു മറ്റു ക്ലാസ്സുകളിൽ വരാറുണ്ട്. കണ്ണിമാങ്ങയും വാളൻപുളിയും എനിക്കായി കരുതിവെക്കാറുണ്ട്. ഏഴാംതരം കഴിഞ്ഞതോടെ ഞാൻ ഈ സ്കൂളിനോടും വിടപറഞ്ഞു. പിന്നീട് ഞാൻ പോക്കറിനെ കണ്ടിട്ടില്ല. ദൂരെ എവിടെയോ പണിക്കു പോകുന്നുണ്ട് എന്ന് ആരോ പറഞ്ഞുകേട്ടു.

 അങ്ങനെ വർഷങ്ങൾക്കു ശേഷം വീണ്ടും എന്റെ മുന്നിൽ ഇതാ വന്നിരിക്കുന്നു ആ സ്നേഹമുള്ള ഭീകരൻ. ഞങ്ങൾ രണ്ടുപേരുടെയും സന്തോഷത്തിനു പരിധികളില്ലായിരുന്നു.

"എന്റെ ചങ്ങായി" 

 എന്നും വിളിച്ചോണ്ട് പോക്കർ ഒന്നുടെ എന്റെ അടുത്തേക്ക് വന്നു. അവൻ ആകെ ക്ഷീണിച്ചിരിക്കുന്നു. കണ്ണുകളിൽ കുട്ടികാലത്തിന്റെ തിളക്കം നഷ്ടമായിരിക്കുന്നു. എങ്കിലും ആ സ്നേഹംനിറഞ്ഞ ചിരിക്കുമാത്രം ഒരു മാറ്റവും വന്നിട്ടില്ല.

" ഇജ്ജു് വാ ഞമ്മക്ക് ഒരു വെള്ളം കുടിച്ചാം"

 എന്നും പറഞ്ഞോണ്ട് എന്നെ അടുത്തുള്ള ചായക്കടയിലേക്ക് കൂട്ടികൊണ്ട് പോയി. പഴയ സ്വൊഭാവത്തിനു ഒരുമാറ്റവും വന്നിട്ടില്ല. ഞങ്ങൾ ഒത്തിരി സംസാരിച്ചു. അതിനിടക്ക് അവൻ എന്തെല്ലാമോ ഓർഡർ ചെയ്തു.

"ഇജ്ജങ്ങട്ടു തിന്നൂട്"

 സ്നേഹം തുളുമ്പുന്ന ആ ശബ്ദം കേട്ടു ഞാൻ വീണ്ടും ചിരിച്ചു. അതിനിടക്ക് കാശുകൊടുക്കാനുള്ള എന്റെ ശ്രമത്തെ വിഫലമാക്കാനുള്ള ബദ്ധപ്പാടിൽ അവൻ പുതച്ചിരുന്ന തോർത്തുമുണ്ട് അഴിഞ്ഞുവീണു.

 കരളലിയുന്ന വേദനയോടെ ഞാൻ ആ കാഴ്ച കണ്ടു. പോക്കറിന് അവന്റെ വലതുകൈ നഷ്ടപെട്ടിരിക്കുന്നു. ദൂരെ എങ്ങോ ജോലിചെയ്യുമ്പോൾ പറ്റിയ അപകടമാണ്. വിറയ്ക്കുന്ന കൈകളോടെ ഞാൻ ആ തോർത്തുമുണ്ട് എടുത്തു അവന്റെ ഇടതു കയ്യിൽ വച്ചുകൊടുത്തു.

 കാലം ചിലപ്പോൾ ചില നെറികേടുകൾ കാണിക്കും. പല ജീവിതങ്ങളെയും അത് വിരൂപമാക്കും. എങ്കിലും ചില ഉറപ്പുള്ള മനസ്സുകൾ ഉണ്ട് നമ്മുടെ സമൂഹത്തിൽ. അവർക്കുമുന്നിൽ തോൽവി സമ്മതിച്ചു സ്വൊയം വിരൂപമാകാനെ കാലത്തിനു പോലും കഴിയൂ. പോക്കറിന്റെ ഭാഷയിൽ പറഞ്ഞാൽ..

"ചത്താലും ഞമ്മള് പരൂക്ഷക്ക് തൊൽകൂല"    

No comments:

Post a Comment