Tuesday, December 2, 2014

ഉച്ചമയക്കത്തിൽ...എല്ലാവരും നല്ല ഉച്ചമയക്കത്തിൽ ആണ്. ഞാൻ ഉമ്മറത്ത്‌ ചാരുപടിയിൽ ഉറക്കം നടിച്ചു കിടക്കുന്നു. ഉച്ച്ചയാകുന്നതോടെ അടുക്കളഭാഗത്തെ എച്ചിൽ ഭക്ഷിക്കാൻ കാക്കയും, മൈനയും, ചിതലക്കിളികളും കൂട്ടമായെത്തും. അവറ്റകളുടെ ശബ്ദം എന്നെ കിടത്തിയുറക്കില്ല. ഞാൻ പതിയെ എണീറ്റ്‌ ഇടനാഴികയിലൂടെ ഓടിപ്പോയി അടുക്കള ജനാലയിലൂടെ എന്തിനോക്കി. കലപില ശബ്ദിച്ചിരുന്ന അവറ്റകൾ നിശബ്ദമായി എന്തെല്ലാമോ കൊത്തിത്തിന്നുന്നു.

അല്പസമയത്തിനകം ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ആരോ വരുന്ന ശബ്ദം കേട്ടു.ഞാൻ അമ്മയുടെ സമ്മതത്തിനു  കാത്തുനിൽകാതെ അടുക്കളവാതിൽ തുറന്നു പുറത്തിറങ്ങി നോക്കി. കുന്നുമ്പുറത്തുനിന്നും പശുവിനു വെള്ളവുമായി ശാന്തേടത്തിയുടെ വരവാണ്.

"മോൻ പോരുന്നോ?"

എനിക്ക് പാടത്തെ വിശേഷങ്ങൾ അറിയാനുള്ള അവസരമാണത്.

ഊം ... ഞാൻ സന്തോഷത്തോടെ ഒന്ന് മൂളി.

ഉടനെ ഞാൻ മുറ്റത്ത്‌ മലർന്ന്‌കിടന്നുറങ്ങുന്ന ആരുടെയോ വലിയ കാല്പാദുകങ്ങളെ  ചവിട്ടിയുണർത്തി. വാലുപോലെ ശാന്തേടത്തിയുടെ പിറകെ വയൽവരമ്പിലൂടെ നടന്നു. വയലുകൾക്കിടക്കു മണ്ണിട്ടുയർത്തിയ ചിറകളും അതിലെല്ലാം കൌമാരപ്രായക്കാരായ തെങ്ങിന തൈകളെയും കാണാം.വേനലായാൽ പിന്നെ കൊയിത്തോഴിഞ്ഞപാടങ്ങൾ കുട്ടികളുടെ കളിസ്ഥലമായി. അങ്ങ് ദൂരെ നടുപ്പാടത്തു കുട്ടികൾ കളിക്കുന്നത് എനിക്ക് കാണാം. അതിനടുത്തായാണ് ശാന്തേടത്തി പശുവിനെ കെട്ടാറു. വലിയ വരമ്പ് കഴിഞ്ഞാൽ പിന്നെ തോടാണ്‌. ഇരുവശങ്ങളിലും കൈതോലചെടികൾ സമ്രിദ്ധമായി വളരുന്നതുകാരണം തോട്ടിലെ ദാരിദ്ര്യം വയലുകൾ അറിയാറില്ല. തോടിനു കുറുകെയുള്ള സിമന്റു പാലം കടന്നു ശാന്തേടത്തി മുന്നേ നടന്നു. അങ്ങിങ്ങായി പൊട്ടിയ ചങ്ങലക്കണികൾ പോലെ അല്പസ്വൊല്പം വെള്ളം തോട്ടിൽ അവിടെവിടെ തങ്ങിനില്പുണ്ട്. അതിലെ ചെറു പരല്മീനുകളെ കാണാൻ ഞാൻ അവിടെ പതിഞ്ഞിരുന്നു. അതിനിടക്ക് കൈതചെടികളുടെ തണലിൽ രണ്ടു കുളക്കോഴികളെ കാണാൻ സാധിച്ചു. എന്നെകണ്ട്‌ അവ ഓടിമറഞ്ഞു.

                അപൂർവ കാഴ്ചയുടെ രസം പങ്കുവെക്കാൻ  ഞാൻ  നല്ല താളത്തിൽ ഓടി. എണ്ണ തേച്ചു ഇടംവലം പകുത്തിട്ട തലമുടി പോലുള്ള വയൽവരമ്പ്‌. അതിന്റെ  മനോഹാരിത ആസ്വൊദിച്ച്ചുള്ള എന്റെ ഓട്ടത്തിന് തടസം നില്കാൻ ഒരു നിഴൽ വന്നു. ഞാൻ മുഖം ഒന്ന് ഉയർത്തിനോക്കി. തലയിൽ ബക്കറ്റും വച്ചു പൊരിവെയിലത്ത് എന്നെ കാത്തു നില്കുന്നു ശാന്തത നശിച്ച ശാന്തേടത്തി.

"ഇനി മോൻ ഒന്ന് മുന്നിൽ നടന്നെ."

ഞാൻ മനസില്ലാ മനസ്സോടെ അനുസരണ കാട്ടി. തലയിൽ ഭാരവും വച്ചോണ്ട് ആ പാവം സ്ത്രീ വയലിലേക്കിറങ്ങി. ഒരു തൂക്കുപാത്രം കണക്കെ എന്നെയും അവർ താഴെ ഇറക്കി. അതിൻറെ പരിഭവമെന്നോണം നെല്ചെടികളുടെ ശിഷ്ടഭാഗങ്ങളെ ഞാൻ ചവിട്ടിമെതിച്ച്‌ നടന്നു. അതിനിടക്ക് എനിക്കെന്തോ ഒന്ന് കണ്ടുകിട്ടി. ഒരു ഞണ്ടിന്റെ പുറം തോടാണ് അതെന്നു മനസിലായി. രാത്രിയായാൽ ഞണ്ടിനെ തിന്നാൻ കുറുക്കന്മാർ വരും. വീടിന്റെ പിറകുവശം വലിയ കുന്നാണ്‌. അവിടത്തെ കശുവണ്ടിതോട്ടത്തിൽ കുറുക്കൻമാളം ഉണ്ടെന്നു സേതുവേട്ടൻ പറഞ്ഞതോർകുന്നു. നേരം ഇരുട്ടിയാല്പോലും അതുവഴിപോവാൻ സേതുവേട്ടന് ഒരു പേടിയും ഇല്ല. കാക്കിതുണിയിൽ തയ്ച്ച ഒരു ട്രൌസർ ഇട്ടൊണ്ടാണ് സേതുവേട്ടൻ വരാറ്. ചിലപ്പോൾ അതുകൊണ്ടായിരിക്കും അത്ര ദൈര്യം.
ലക്ഷ്യസ്ഥാനത്ത് എത്താറായ ഞങ്ങളെ കണ്ടു ആ നാലുകാലി ജീവി കഴുത്തിൽ കെട്ടിയ കയറിന്റെ പരിമിതികൾകുള്ളിൽ നിന്നുകൊണ്ട് ഓടിവന്നു.അവൾക്കുചുറ്റും പാൽകുപ്പികൾ നിരത്തിവചച്ചകണക്കെ കൊറ്റികളെയും കാണാനായി. നിത്യവൃത്തിക്ക് വയലിൽ പണിയെടുക്കുന്ന ഇവരുടെ വെള്ളക്കുപ്പായം ഇന്നും എന്നെ മോഹിപ്പിക്കാറുണ്ട്.
കൊണ്ടുവന്ന വെള്ളം മുഴുവൻ ഒന്നുരണ്ടു വലിക്കു ഞങ്ങളുടെ പ്രിയ കൂട്ടുകാരി അകത്താക്കി. അവശേഷിച്ച ഒരു തുണ്ട് പഴത്തോലിക്കായുള്ള അവളുടെ ഉദ്യമത്തെ ഞാൻ സഹായിച്ചു. പകരം എന്റെ കൈവെള്ളയിൽ അവൾ ഇക്കിള്ളി പുരട്ടി. 
മടക്കയാത്രയിൽ ഞങ്ങൾ അവളെയും കൂട്ടി. ഞാൻ പിറകിൽ ഉണ്ടെന്നു ഉറപ്പുവരുത്താൻ അവൾ ഇടയ്ക്കിടെ വാലുകൊണ്ട് വീശിനോക്കുന്നുണ്ടായിരുന്നു. അയൽവക്കത്തെ കാവും, കുറുക്കൻമാരുള്ള കുന്നിൻപുറവും എനിക്ക് ദൂരെനിന്നും കാണാൻ സാദിച്ചു. ആ കാണുന്ന കുന്നിന്മുകളിലൂടെയാണ് ശാന്തേടത്തി പോവാറ്. വഴിമധ്യേ അടുത്തവീട്ടിലെ കദീസുമ്മാനെ കണ്ടു. അവരെങ്ങോട്ടോ വിരുന്നുപോവാണ്.

"വല്യമ്മയ്ക്ക് സുഖല്ലെ മോനെ ?"

എന്റെ ഉത്തരത്തിനുള്ള സമയം കളയാതെ അവർ മക്കളെയും കൂട്ടി ഓടിപോയി. ഭർത്താവ് ഗള്ഫിൽ നിന്നും വന്നതിന്റെ സുഘന്ധം വഴിയരുകിലെ കൈതോലകൾ പരസ്പരം പങ്കുവെക്കുന്നുണ്ടാര്നു.
കുപ്പിയിൽ നിന്നും വന്ന ഭൂദത്തെപോലെ കുറെ നല്ല കാഴ്ചകൾ സമ്മാനിച്ച് പ്രിയകൂട്ടുകാരിയെയും കൂട്ടി ശാന്തേടത്തി കുന്നിന്മുകളിലേക്ക് പോയിമറഞ്ഞു. ഞാൻ വീട്ടിലേക്കും.

വീട്ടുമുറ്റത്ത്‌ എത്തിയതോടെ ഞാൻ മൂന്നു കേസിൽ പ്രതിയാണെന്ന വാർത്തയറിഞ്ഞു.
ഒന്ന്, ആരുടേയും സമ്മതം കൂടാതെ പുറത്തിറങ്ങി.
രണ്ടു, വീട്ടിൽ പുറംപണിക്കു വന്ന ശ്രീധരേട്ടന്റെ ചെരിപ്പെടുത്തിട്ടു.
മൂന്നു, അടുക്കള വാതിൽ തുറന്നിട്ട്‌ ഭക്ഷണം പൂച്ച തിന്നു.

അന്ന് എന്റെ പ്രായം കണക്കിലെടുത്ത് അമ്മയുടെ കോടതി എന്നെ വെറുതെ വിട്ടു. പക്ഷെ ഇന്നും ആ സ്നേഹത്തിന്റെ കോടതിമുറിയിൽ ഒരു കുട്ടിപ്രതിയാവാൻ ഞാൻ വല്ലാതെ കൊതിക്കാറുണ്ട്.
  

No comments:

Post a Comment