Monday, August 18, 2014

മെമ്മറി കാർഡ്‌

    നല്ല മഴയുള്ള ഒരു ദിവസം. അന്ധേരിയിലെ റെയിൽവേ പ്ലട്ഫോമിൽ ട്രെയിൻ കാത്തു നില്കുകയാണ് ഞാൻ. തിരക്കില്നിന്നു അല്പം ശ്വാസം പിടിക്കാൻ അരികിലേക് മാറിനിന്നു. ഒന്ന് രണ്ടു ട്രെയിൻ വന്നു പോയി. ട്രെയിൻ ആളുകളെ കൊണ്ടുപോവാണോ അതോ ആളുകൾ ട്രെയിൻ കൊണ്ടുപോവാണോ എന്ന് സംശയികതക്ക വിധം തിരക്ക്. ഫാസ്റ്റ് ഫുഡ്‌ ഫാസ്റ്റ് ലൈഫ് എന്നിങ്ങനെയുള്ള പ്രയോഗങ്ങള്കൊന്നും പ്രസക്തിയില്ല ഇവിടെ. ഇത് തന്നെയാണ് ഇവിടത്തെ ജീവിതം. വേഗം കൂടുംതോറും നിര്തെണ്ടിടത്  നിർത്താൻ പ്രയാസമാകും എന്ന് പറയുന്നത് വളരെ നേരാണ്. ഓട്ടത്തിനിടക്ക്‌ നഷ്ടമാകുന്ന പലതും നമുക്ക് തിരിച്ചു കിട്ടില്ല.

  എന്റെ ഇ ഓട്ടം തുടങ്ങിയത് വർഷങ്ങൾക്ക് മുൻപ് നാട്ടിൽവച്ചാണ്. സാമ്പത്തിക പരാധീനതകൾ അച്ഛനെ നാട്ടിൽ നിന്നും അകറ്റി. പ്രതിസന്ധികൾ പലതും വന്നു വഴിമുട്ടിയപ്പോൾ താല്കാലിക ആശ്വാസമായി എനിക്കും ഒരു ജോലി കിട്ടി. എന്റെയും അനുജന്റെയും പഠിത്തത്തിനും വീട്ടിലെ മറ്റുകാര്യങ്ങൽകും അതൊരു താങ്ങായിരുന്നു. ഞങ്ങളുടേത് ഒരു പഴയ തറവാട് വീടായിരുന്നു. വീടിന്റെ മുനവശത്തായി വയലുകളും, തോടും, കുളങ്ങളും, കിണറും അങ്ങനെ ഇന്നത്തെ എന്നെ മോഹിപ്പിക്കുന്ന പലതും ഉണ്ടായിരുന്നു അന്ന്.

  കോഴിക്കോട് ടൌണിൽ ഒരു ജോലി എന്നതിൽ കവിഞ്ഞൊരു സ്വോപ്നം അന്നെനിക്കില്ലായിരുന്നു. അതുകൊണ്ട്തന്നെ അന്നവിടന്നു കിട്ടുന്ന തുച്ഛമായ ശമ്പളത്തിലും ഞാൻ സന്തോഷം കണ്ടെത്തിയിരുന്നു. എന്നും രാവിലെ ഒരു കുടയും തോൾസഞ്ചിയും തൂക്കി ഞാൻ വീട്ടിൽനിന്നും ഇറങ്ങും. കോഴിക്കോട് എസ് എം സ്ട്രീറ്റിലെ ഒരു കൊച്ചു പത്രമോഫീസായിരുന്നു എന്റെ ജോലിസ്ഥലം. അന്നവിടെ ജോലിചെയ്തിരുന്നവരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഞാനായിരുന്നു. അവിടെ നിന്നും കിട്ടുന്ന മാസപ്പടി യാത്രകൂലികുപോലും തികയില്ലന്നു മനസിലായപ്പോൾ ടൌണിൽ തന്നെയുള്ള അച്ഛന്പെങ്ങളുടെ വീട്ടിലായിരുന്നു പലപ്പോഴും എന്റെ താമസം. പിന്നെ മാസാവസാനം ശമ്പളം വാങ്ങിച്ചു ഞാൻ വീട്ടില്പോവും. അതായിരുന്നു പതിവ്.

  ടൌണിൽ നിന്നും വീട്ടിൽ എത്തുമ്പോഴേക്കും നേരം ഇരുട്ടും. നാടെല്ലാം ഉറങ്ങിക്കാണും. ബസ്‌ ഇറങ്ങി ഒരുപാട് നടന്നുവേണം വീടിലെത്താൻ. അതുകൊണ്ട് പതിവായി ഒരു ടോര്ച്ച് ഞാൻ കയ്യില കരുതും.  വയൽവരമ്പിലൂടെ നടന്നുചെല്ലുമ്പോൾ അങ്ങ് ദൂരെനിന്നും വീട്ടിലെ  വെട്ടം കാണാം. എല്ലാ മാസാവസാനവും അമ്മ എന്നെയും കാത്തിരിക്കുന്നുണ്ടാവും. താടിക്ക് കയികൊടുത്തു എന്നെയും കാത്തിരിക്കുന്ന അമ്മയുടെ ചിത്രം ഇന്നും എന്റെ ഓർമയിൽ മായാതെ ഉണ്ട്. തൊട്ടടുത്ത്‌ തന്നെ പഠിക്കാൻ മിടുക്കനായ എന്റെ അനിയൻ  പുസ്തകത്തിൽ തലവെച്ചു ഉറങ്ങുന്നുണ്ടാവും.

  അന്നത്തെ ഒരുമാസത്തെ ഞങ്ങളുടെ  സ്വൊപ്നങ്ങൾക്ക് ആയിരം രൂപ വിലവരുന്ന കാലം. ഇന്നും ഞാൻ ആ പഴകിയ ഓര്മകളുടെ ഗന്ധം അറിയുന്നു. ഒരു വിഷു വിന്റെ തലേ ദിവസം. എന്റെ മാസപ്പടികിട്ടുന്ന ദിവസംകൂടെയായിരുന്നു  അത്. ഞങ്ങളുടെ ആഘോഷങ്ങൾ എല്ലാം അതിനെ ആശ്രയിച്ചായിരുന്നു. പതിവുപോലെ ഞാൻ രാവിലെ കുളിച്ചു പുറപ്പെട്ടു. ഇറങ്ങാനിരിക്കുംബോൾ  ഒരുപോതിചോറും എന്റെ സഞ്ചിയിൽ വച്ചു തന്നിട്ട്  അമ്മ പറഞ്ഞു.
 " നീ വരുമ്പോൾ വല്ലതും കൊണ്ടുവാടാ... നാളെ വിഷുവല്ലേ പേരിനെങ്കിലും വല്ലതും വേണ്ടേ? "
ഞാൻ ഒന്ന് പതിഞ്ഞ സ്വൊരത്തിൽ മൂളി.  വീട്ടുപടിക്കൽ അനിയൻ കാത്തുനില്പുണ്ടാര്നു.
 "ഏട്ടൻ വരുമ്പോൾ പടക്കം വാങ്ങികൊണ്ടുവരോ?"
 അമ്മയെ പേടിച്ചാവണം അവൻ ഇവടെ കാത്തു നിന്നത്. ഞാൻ അവനോടും ഒന്ന് മൂളി. സന്തോഷത്തോടെ അവൻ കയ്യിൽ ഉണ്ടായിരുന്ന സൈക്കിൾ ടയർ കഴുത്തിൽ തൂകി ഒരുകൈ കൊണ്ട് അഴിഞ്ഞു വീഴാൻ വെമ്പുന്ന ട്രൌസർ വലിച്ചു കയറ്റി ഓടിപോകുന്നത് കണ്ടു.

  അന്ന് പതിവിലും നേരത്തെ തന്നെ ഓഫീസിൽ എത്തി. അല്പം ആവേശത്തിലായിരുന്നു ഞാൻ. ജോലിയെല്ലാം എളുപ്പം തീര്കണം. അവിടെന്നു തരുന്ന എഴുത്തുകളും മറ്റും ടൌണിലുള്ള പല സ്ഥാപനങ്ങളിലും കൊണ്ടുപോയി കൊടുക്കണം. അതികം ദൂരെ വല്ലിടത്തും പോകാനാണെങ്കിൽകൂട്ടിനു  ഒരു പഴയ ഹിർകുലീസ്  സൈക്കിൾ കാണും. പ്രധാന ജോലി തുടങ്ങുന്നത് ഉച്ചയോടെയാണ്. സായാന്നപത്രം ആയതുകൊണ്ട് ഉച്ചയോടെ പ്രസ്സിൽ നിന്നും പത്രകെട്ടുകൾ  എത്തും. പിന്നെ കയ്യിലുള്ള ലിസ്റ്റ് നോക്കി നൂറ്റൻപതോളം സ്ഥാപനങ്ങളിൽ അവയെല്ലാം വിതരണം ചെയ്യണം. എന്നെപോലെ വേറെയും നാല് കൂട്ടുകാരുണ്ടായിരുന്നു. അവരെല്ലാംതന്നെ എന്നെകാൾ പരിജയസമ്പന്നർ ആയതുകൊണ്ട് അവരുടെ ജോലിയെല്ലാം പെട്ടന്ന് തീരും.

   അങ്ങനെ സായാഹ്ന്ന വാർത്തകളും ഒരുപിടി സ്വൊപ്നങ്ങളും  ചുമന്നോണ്ട് ഞാൻ, എന്നെകാൾ പ്രായംചെന്ന ആ സൈക്കിൾ ചവിട്ടികൊണ്ട് കോഴികൊട്ടങ്ങാടിയിലൂടെ പറന്നു. അന്ന് പതിവിലും നേരത്തെ ജോലിതീർന്നു. അടുത്തുള്ള കൊയാക്കയുടെ തട്ടുകടയിൽ നിന്നും ഒരു പാട്ട വെള്ളം വാങ്ങി മുഖമൊന്നു  കഴുകി.
"ആ ഇജ്ജിന്നു നേരത്തെ വന്നാ... ?"
 വാക്ശുദ്ധിയേക്കാൾ മനശുദ്ധിയുള്ള ആ ശബ്ദം കേട്ട് ഞാൻ ഒന്ന് പുഞ്ചിരിച്ചു. ഓഫീസിൽ എത്തിയപ്പോൾ എല്ലാവർക്കും ശമ്പളം കൊടുക്കുന്നുണ്ടായിരുന്നു. ഏറ്റവും ഒടുവിലായി എന്റെ പേര് വിളിച്ചു. ഞാൻ പതുക്കെ ആ എ സീ മുറിയുടെ കതകു തുറന്നു. കതകടക്കാത്തതിനു  ആരോ എവിടെന്നോ അലറിപോളിക്കുന്നുണ്ടാര്നു. എനിക്കും കിട്ടി അഞ്ഞൂറു രൂപയുടെ രണ്ടു ഒറ്റനോട്ടുകൾ. സന്തോഷത്തോടെ ഞാനത് എന്റെ പാന്റിന്റെ പോക്കറ്റിൽ തിരുകി. തിരിഞ്ഞു നടക്കുമ്പോൾ വീണ്ടും ആ സാർ എന്നെ വിളിച്ചു. ഒരു അഞ്ഞൂറു രൂപകൂടി എന്റെ നേർക്ക്‌ വച്ചുനീട്ടി. എനിക്ക് സ്വൊർഗം കിട്ടിയ സന്തോഷം. ഞാൻ രണ്ടു കൈകളും നീട്ടി അത് സ്വീകരിച്ചു. സന്തോഷിക്കാൻ വരട്ടെ. ഉടനെ ഒരു എഴുത്തും തന്നു. എന്നിട്ട് പറഞ്ഞു  ഇതിന്റെ കൂടെ ആ അഞ്ഞൂറുരൂപ  തപാൽ ഓഫീസിനു അടുത്തുള്ള  ഇതില്പറഞ്ഞ മേൽവിലാസത്തിൽ കൊണ്ടുപോയി കൊടുക്കണം. എന്റെ സന്തോഷം തകർന്നടിഞ്ഞെങ്കിലും മനസിനെ ഒരുവിധം ഞാൻ പറഞ്ഞു മനസിലാക്കി.

  നേരം ഏതാണ്ട് ഇരുട്ടിനെ വരവേറ്റു തുടങ്ങി. ഏൽപിച്ച ജോലി പെട്ടന്ന് തീർകണം. എന്നിട്ട് വീട്ടിലേക്കുള്ള സധനങ്ങൾ  വാങ്ങിക്കണം. പിന്നെ വീട്ടില്ചെന്നു അനിയന്റെ സന്തോഷത്തിൽ പങ്കുചേരണം. ഞാൻ ഒട്ടും താമസിക്കാതെ ഓടിയിറങ്ങി. എല്ലായിടത്തും നല്ല തിരക്കാണ്. കച്ചവടം പൊടിപൊടിക്കുന്നു. തെരുവോരങ്ങൾ എല്ലാം കച്ചവടകാര് കയ്യെറിയിരിക്കുന്നു. വഴിയോരത്തുകൂടെ ഞാൻ സര്വ്വ ശക്തിയും സംബരിച്ചു ഓടി. പല വർണങ്ങളും മാറിമാറയുന്നുണ്ടായിരുന്നു. തപാലോഫീസിനടുത്തു എത്താറായപ്പോൾ ഒരു ജനക്കൂട്ടം കണ്ടു. എന്താണെന്ന് അറിയാൻ ഞാൻ ആ ജനക്കൂട്ടത്തിനു ചുറ്റും ഒന്ന് പ്രദക്ഷിണം വച്ചുനോക്കി. ഒന്നും മനസിലായില്ല. അതിനിടക്ക് ആരോ പറഞ്ഞു അതേതോ ചെപ്പടിവിദ്യക്കാരൻ ആണെന്ന്.

  അറിഞ്ഞപാടെ സമയം കളയാതെ ഞാൻ എന്റെ ലക്ഷ്യസ്ഥാനത്ത് എത്തി. ആ മൂന്ന് നില കെട്ടിടത്തിന്റെ കോണിപ്പടികൾ ഞാൻ ഒട്ടും പ്രയാസം കൂടാതെ ഓടികയറി. റൂം നമ്പർ നോക്കി കണ്ടുപിടിച്ചു. കുപ്പായകീശയിൽ  കയ്യിട്ടു കാശെടുക്കാൻ നോക്കിയപ്പോൾ ഞാൻ ആകെ വിളറിപ്പോയി. കീശയിലുണ്ടായിരുന്ന അഞ്ഞൂറു രൂപ കാണാനില്ല. എനികെന്റെ ശരീരത്തിന്റെ ഭാരം താങ്ങാൻ കഴിയാത്തപോലെ ഒരു തോന്നൽ. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ തൊട്ടടുത്ത കൊണിപടിയിൽ തളര്നിരുന്നു. വേറെ വഴികളൊന്നും ഇല്ലെന്നു മനസിലാകിയ ഞാൻ ശമ്പളം കിട്ടിയ ആയിരത്തിൽ നിന്നും അഞ്ഞൂറുരൂപ ആ എഴുത്തിന്റെ കൂടെ കൊടുക്കാം എന്ന് തീരുമാനിച്ചു. മനസില്ലാ മനസ്സോടെ ഞാൻ ആ കോളിംഗ് ബെല്ലിന്റെ സ്വിച്ച് അമര്ത്തി. ഏതോ ഒരു മനുഷ്യരൂപം കതകു തുറന്നു. ചങ്കു പറിക്കുന്ന വേദനയോടെ ഞാൻ ആ അഞ്ഞൂറു രൂപയും എഴുത്തും അയാൾക്ക് നല്കി. തിരിച്ചിറങ്ങുമ്പോൾ കണ്ണുകൾ നിറഞ്ഞത്‌ കാരണം കാഴ്ചകൾ അവ്യക്തമായി തോന്നി.
      മനുഷ്യനെ ചിരിപ്പിക്കാനും കരയിപിക്കാനും കഴിവുള്ള ആ പച്ച കടലാസും തിരഞ്ഞുകൊണ്ട്‌ ഞാൻ ഒരു മണ്ടനെപോലെ ആ തെരുവോരത്തുകൂടെ നടന്നു. ഒരു ഫലവും ഉണ്ടായില്ല. നേരം വല്ലാതെ ഇരുട്ടിയിരിക്കുന്നു. കടകൾ എല്ലാം അടച്ചു കഴിഞ്ഞു. കയ്യിൽ ബാകിയുള്ള അഞ്ഞൂറുരൂപകൊണ്ട് ഒന്നും വാങ്ങിക്കാനും സാദിച്ചില്ല. നാട്ടിലേക്കുള്ള അവസാന ബസ്സു പുറപ്പെടുംമുൻപ് ബാഗും കുടയും എടുത്തു ഞാൻ ഇറങ്ങി. പാതിവെന്ത മനസുമായി എന്റെ ശരീരം ബസ്സ്‌ സ്റ്റോപ്പിലെക് നീങ്ങി. ഓടികൊണ്ടിരിക്കുന്ന ബസ്സിൽ ഞാൻ പുറത്തേക്കും കണ്ണുനട്ടിരുന്നു. വഴിയരുകിലെ വീടുകളില്നിന്നെല്ലാം ആഘോഷങ്ങൾ തിമിർക്കുന്നതു കാണാമായിരുന്നു. അമ്മയുടെയും അനിയന്റെയും മുഖം മനസ്സിൽ നിഴലിക്കുന്നുണ്ടായിരുന്നു. കുറെ കഴിഞ്ഞപ്പോൾ ആരോ പിറകിൽനിന്നും തട്ടിവിളിച്ചു ചോദിച്ചു.



 " അല്ലാ! ഇറങ്ങുന്നില്ലെ? "

  ഞാൻ ബസ്സിറങ്ങി. ശാപം പിടിച്ച ആ നശിച്ച ദിവസത്തെകുറിച്ച് ഓർത്തുകൊണ്ട്‌ ഞാൻ ആ വയൽ വരമ്പിലൂടെ നടന്നു. തീക്ഷ്ണമായ ദുഃഖത്തിൽ മനുഷ്യന് വെളിച്ചത്തെക്കാൾ സുഖം തരാൻ ഇരുട്ടിനു കഴിയും എന്ന് എനിക്ക് തോന്നി. ഞാൻ ടോർച്ചു തെളിയിച്ചില്ല. ഇരുട്ടിലൂടെ നടന്നു. സമയം കഴിയുംതോറും വീട്ടില്ല്നിന്നുള്ള വെട്ടം കണ്ടുതുടങ്ങി. പതിയെ ആ വെളിച്ചത്തിൽ രണ്ടു മനുഷ്യ രൂപങ്ങൾ തെളിഞ്ഞു വന്നു. എന്നെയും കാത്തുള്ള അമ്മയുടെ ഇരുപ്പു കണ്ടു ഞാൻ നിശ്ചലനായി. കൂരിരുട്ടിൽ ആരും കാണാതെ ഞാൻ ആ വയൽവരമ്പിൽ ഇരുന്നു പൊട്ടിക്കരഞ്ഞു. എന്റെ ഇന്ദ്രിയങ്ങൾ എല്ലാം തളർന്നുപോയി.

  ദൂരെ കാണുന്ന ആ വെളിച്ചം എന്നിലേക് അടുത്തുവന്നു. പഴകിയ ഓർമകളിൽ നിന്നും  യാതാർത്ഥ്യത്തിന്റെ  ലോകത്തേക്ക് മടങ്ങിയപ്പോൾ എനിക്ക് പോവാനുള്ള ട്രെയിൻ വന്നതായിരുന്നു അതെന്നു മനസിലായി. സാമാന്യം തിരക്ക് കുറഞ്ഞ ഒരു ബോഗിയിൽ ഞാൻ കയറിപറ്റി.  അനേകം ഓർമ്മകളുള്ള ഒരായിരം മനുഷ്യരെയുംപേറി  ആ ഘടോൽകചശകടം ഇഴഞ്ഞു നീങ്ങി...
 പുതിയ ഓർമകളും കഥകളും  ഉള്ള  മനുഷ്യർക്കുവേണ്ടി  അത് ചൂളംവിളിച്ചു...